ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഭൂമിശാസ്ത്രം

ഭൂമിശാസ്ത്രം

കണ്ണൂര്‍ ജില്ലയില്‍, കണ്ണൂര്‍ താലൂക്കില്‍, കല്ല്യാശ്ശേരി ബ്ളോക്കിലാണ് നാറാത്ത് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നാറാത്ത്, കണ്ണാടിപ്പറമ്പ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന നാറാത്ത് ഗ്രാമപഞ്ചായത്തിനു 17.24 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, കൊളച്ചേരി പഞ്ചായത്തും, കിഴക്കുഭാഗത്ത് കൊളച്ചേരി, മുണ്ടേരി, കണ്ണൂർ കോർപ്പറേഷനും, തെക്കുഭാഗത്ത് കണ്ണൂർ കോർപ്പറേഷനും, പടിഞ്ഞാറുഭാഗത്ത് പാപ്പിനിശ്ശേരി, ചിറക്കല്‍ പഞ്ചായത്തുകളുമാണ്. മൂഷകരാജവംശത്തിന്റെ ഭരണത്തിന്‍ കീഴില്‍ ഉള്‍പ്പെട്ടിരുന്നതും, ബ്രിട്ടീഷ് കാലത്ത് പഴയ ചിറക്കല്‍ താലൂക്കിലുള്‍പ്പെട്ടതും, ഇപ്പോള്‍ കണ്ണൂര്‍ താലൂക്കിലുള്‍പ്പെടുന്നതുമാണ് ഇന്നുള്ള നാറാത്ത് ഗ്രാമപഞ്ചായത്ത്. ചരിത്രപ്രസിദ്ധമായ സംഭവപരമ്പരകളിലൂടെ മുന്നാട്ടു നീങ്ങിയ ഈ ഗ്രാമം, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ദേശീയപ്രസ്ഥാനത്തിന്റെയും അതിനോടനുബന്ധിച്ചുള്ള അയിത്തോച്ചാടനത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്. നാറാത്ത് ഗ്രാമപഞ്ചായത്ത് വടക്കുകിഴക്കു നിന്ന്, തെക്കുപടിഞ്ഞാറോട്ട് ചെരിഞ്ഞുകിടക്കുന്ന പീഠഭൂമി സമതലങ്ങളും, കുന്നുകളും, അവയ്ക്കിടയിലെ വയലുകളും വിശാലമായ തീരസമതലങ്ങളും നിറഞ്ഞ പ്രദേശമാണ്. കുത്തനെയുള്ളതും അല്ലാത്തതുമായ ചെരിവുകള്‍ ഇവിടെ കാണാം. വടക്കും പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിലൂടെ ഒഴുകുന്ന വളപട്ടണം പുഴയും, തെക്ക് കൊളച്ചേരി പഞ്ചായത്തിന്റെ അതിര്‍ത്തി വരെ നീണ്ടുകിടക്കുന്ന കാട്ടാമ്പള്ളി പുഴയും നാറാത്ത് ഗ്രാമപഞ്ചായത്തിനെ ഒരു ഉപദ്വീപാക്കി മാറ്റുന്നു. കണ്ണാടിപ്പറമ്പ് ക്ഷേത്രവും വള്ളിപടര്‍പ്പും കണ്ണാടിപ്പറമ്പ് പീഠസമതലത്തിലും, മൈതാനിപ്പള്ളിയും കാവും കുറ്റിക്കാടുകളും കമ്പില്‍ പീഠസമതലത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. പട്ടികജാതിക്കാരുടെ ചരിത്രപ്രസിദ്ധമായ വഴിനടക്കല്‍ സമരം നടന്നത്, കണ്ണാടിപ്പറമ്പിലെ ശാലിയ തെരുവിലായിരുന്നു. വടക്കന്‍ ഇടനാട് കാര്‍ഷിക കാലാവസ്ഥാ പ്രദേശമായ നാറാത്ത് ഗ്രാമപഞ്ചായത്തില്‍ നെല്ല്, തെങ്ങ്, കവുങ്ങ്, പയര്‍വര്‍ഗ്ഗങ്ങള്‍, കുരുമുളക്, കശുമാവ്, മാവ്, വാഴ, പച്ചക്കറി എന്നിവയാണ് പ്രധാന കൃഷി.

Geography