ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യസാംസ്കാരികചരിത്രം
മൂഷകരാജവംശത്തിന്റെ ഭരണത്തിന് കീഴില്‍ ഉള്‍പ്പെട്ടിരുന്നതും, ബ്രിട്ടീഷ് കാലത്ത് പഴയ ചിറക്കല്‍ താലൂക്കിലുള്പ്പെട്ടതും, ഇപ്പോള്‍ കണ്ണൂര്‍ താലൂക്കിലുള്പ്പെടുന്നതുമാണ് ഇന്നുള്ള നാറാത്ത് ഗ്രാമപഞ്ചായത്ത്. പ്രാചീന മനുഷ്യന്റെയും ആധുനിക മനുഷ്യന്റെയും നാഗരികതയും സംസ്കാരവും രൂപപ്പെടുത്തുന്നതില്‍ നദികള്‍ക്ക് നിര്‍ണ്ണായകമായ പങ്കുണ്ട്. വളപട്ടണംപുഴ കാട്ടാമ്പള്ളിയില്‍ വച്ച് ഇഴപിരിയുകയും നാറാത്ത് പഞ്ചായത്തിന്റെ ഇരുവശങ്ങളും തലോടിക്കാണ്ട് കിഴക്കുഭാഗമായ പുല്ലൂപ്പികടവും, വാരംകടവും കടന്ന് മുണ്ടേരിയിലേക്കും, പടിഞ്ഞാറുഭാഗത്തെ കമ്പില്‍ പ്രദേശത്തുകൂടി പാപ്പിനിശ്ശേരി ഭാഗത്തേക്കും ഒഴുകുന്നു. ആയതിനാല്‍ തന്നെ നാറാത്ത് ഗ്രാമത്തില്‍ ഒരു കാര്‍ഷികസംസ്കാരമാണ് രൂപപ്പെട്ടുവന്നത്. പഞ്ചായത്തിലെ ഭൂപ്രദേശങ്ങളില്‍ വലിയൊരുഭാഗവും കൃഷിസ്ഥലമാണ്. ഈ വയല്‍പ്രദേശത്തെ രണ്ടായി പകുത്തെടുത്തു കൊണ്ടാണ് നാഗരികസംസ്കാരം നാറാത്ത് പ്രദേശത്തേക്ക് കടന്നുവരുന്നത്. അപ്രകാരം കണ്ണാടിപ്പറമ്പ്, നാറാത്ത് എന്നിങ്ങനെ രണ്ടു ഗ്രാമങ്ങള്‍ രൂപപ്പെടുകയും, സാംസ്കാരികമായി പ്രകടമായും അല്പം വ്യത്യാസങ്ങള്‍ നിലനിറുത്തുകയും ചെയ്തു. വ്യത്യസ്ത മതവിഭാഗങ്ങളുടേയും, ജാതികളുടേയും കുട്ടായ്മയും, പാരമ്പര്യ തൊഴില്‍രംഗവും അതില്‍ നിന്നു രൂപപ്പെടുന്ന സംസ്കാരവുമാണ് ഈ പഞ്ചായത്തിനുള്ളത്. ജനങ്ങളെ ആദ്യകാലങ്ങളില്‍ ഒത്തുചേരാന്‍ സഹായിച്ചിരുന്നത് അമ്പലങ്ങള്‍, കാവുകള്‍, പള്ളികള്‍ മുതലായവയായിരുന്നു. ഇന്ന് ഹിന്ദു, മുസ്ളീം, ക്രിസ്ത്യന്‍ മുതലായ എല്ലാ മതവിഭാഗങ്ങളിലേയും ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശമാണ് നാറാത്ത് ഗ്രാമപഞ്ചായത്ത്. പ്രസ്തുത മതവിഭാഗങ്ങളുമായി ബന്ധപ്പെട്ട നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. ഇവയില്‍ മിക്കതിലും പതിവായി ഉത്സവങ്ങളും ആഘോഷങ്ങളും നടക്കാറുമുണ്ട്. കണ്ണാടിപ്പറമ്പ് ശാസ്താക്ഷേത്രത്തിലെ ഉത്രവിളക്കു മഹോത്സവം, ഊട്ടുത്സവം എന്നിവയും, കമ്പില്‍, നാറാത്ത്, നിടുവാട്ട പള്ളികളിലെ ആണ്ടു നേര്‍ച്ചകള്‍, പുല്ലൂപ്പി സെന്റ് ഇഗ്നേഷ്യസ് ചര്‍ച്ചില്‍ നടക്കുന്ന ക്രിസ്തുമസ് ആഘോഷങ്ങള്‍ എന്നിവയിലെല്ലാം നാനാജാതിമതസ്ഥരുടെ വിപുലമായ പങ്കാളിത്തമുണ്ടാകാറുണ്ട്. 1935-ല്‍ ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍ ഗ്രൌണ്ടില് ഡോ.രാജേന്ദ്രപ്രസാദിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ് സമ്മേളനമാണ് നാറാത്ത് പഞ്ചായത്തിലെ സ്വാതന്ത്ര്യവാദികളുടെയും ദേശീയപ്രസ്ഥാനപ്രവര്ത്തകരുടേയും മുന്നറ്റമുണ്ടാക്കിയത്. 1942 നവംബര്‍ മാസം ടി.സി.നാരായണന് നമ്പ്യാര്‍, എം.പി.കേശവന് മാസ്റ്റര്‍, ഇ.നാരായണന് മാസ്റ്റര്‍, കൊയ്ലേര്യന് പറയന് മേസ്തിരി(പാണ്ട്യാല), കറുവന് മാസ്റ്റര്‍ എന്നിവര്‍ അന്നത്തെ സ്കൂളുകളിലെ പട്ടികജാതി വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് ക്ഷേത്രപ്രവേശനത്തിന്റെ നാന്ദി എന്ന നിലയില്‍ കണ്ണാടിപ്പറമ്പ് മണ്ഡപം വഴി യാത്ര നടത്തിയതിനെ തുടര്‍ന്ന്, വഴിയില്‍ വെച്ച് സവര്‍ണ്ണര്‍ തടയുകയുണ്ടായി. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി അവര്‍ണ്ണര്‍ക്കു മര്‍ദ്ദനമേല്‍ക്കുകയും ജാഥ ചിതറി ഓടുകയും ചെയ്തു. പയ്യന്നൂരിലെ ഉപ്പുസത്യാഗ്രഹത്തിലും അധ്യാപകസമരത്തിലും പങ്കെടുത്ത്, ജയിലില്‍ പോയ ഈ പ്രദേശത്തെ പ്രധാന സ്വാതന്ത്ര്യസമര സേനാനികളായിരുന്നു ടി.സി.നാരായണന് നമ്പ്യാരും, വി.പി.അയ്യപ്പനും. ഇരുപതാംനൂറ്റാണ്ടിലും കേരളത്തില്‍ നടമാടിയിരുന്ന അയിത്തവും ജന്മിമേധാവിത്വവും ചാതൂര്വര്ണ്ണ്യവും ഇവിടേയുമുണ്ടായിരുന്നങ്കിലും അത്ര തീവ്രമായിരുന്നില്ല. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ പടര്‍ന്നുപിടിച്ച കോളറ കാരണമായി, ഇവിടെ ധാരാളമാളുകള്‍ മരിച്ചുതുടങ്ങിയപ്പോള്‍, യാകൂബ് മുസ്ള്യാര് എന്ന സിദ്ധന്റെ നേതൃത്വത്തില്‍ എല്ലാ മതസ്ഥരും ഒരുമിച്ചുകൂടി അതാതു മതാചാരപ്രകാരം മരിച്ചവര്‍ക്കായി ഓരോ വഴിപാട് കഴിക്കാന്‍ തീരുമാനമെടുത്തു. കണ്ണാടിപ്പറമ്പ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഉത്സവകാലത്ത് ഒരു പഞ്ചാരക്കലം നിടുവാട്ടുളള ഒരു മുസ്ളീം കാരണവര്‍ കൊടുത്തതും ഗോപുരത്തില്‍ പ്രവേശിക്കുവാനുള്ള അവകാശം നല്കപ്പെട്ടിരുന്നതും, അതുപോലെ മറ്റു വിവിധ ജാതികള്‍ക്കും പ്രത്യേകം അവകാശങ്ങള്‍ ആചരിച്ചു വന്നിരുന്നുവെന്നതും, ഈ ഗ്രാമത്തില്‍ പണ്ടുമുതല്‍ തന്നെ ജാതിമത സൌഹാര്‍ദ്ദം നിലനിന്നിരുന്നുവെന്നതിന്റെ വ്യക്തമായ തെളിവുകളാണ്. ഈ ഗ്രാമത്തിലെ നാനാജാതിമതസ്ഥരുടേയും ആരാധനാലയങ്ങളും പണ്ടുമുതല്ക്കേ ഇവിടെ നിലവിലുണ്ടായിരുന്നു. ശില്പകലയും, ചിത്രകലയും, നാടന്‍കലകളും, ക്ഷേത്രകലകളായ പഞ്ചവാദ്യം, ഇസ്ളാമിക കലകളായ മറുത്തു കളി, ദഫ്മുട്ട്, കോല്‍കളി എന്നിവയൊക്കെ ഇവിടെ വളര്‍ച്ച പ്രാപിച്ചിരുന്നതായി കാണാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങള്‍ മുതല്‍, അതുവരെ സവര്‍ണ്ണരില്‍ മാത്രം ഒതുങ്ങിയിരുന്ന വിദ്യാഭ്യാസം അവര്‍ണ്ണരിലേക്കും പകര്ന്നുതുടങ്ങിയിരുന്നു. ആശാന്മാരും, എഴുത്തച്ഛന്മാരും, ഗുരുക്കന്മാരും, മുല്ലമാരും ആയിരുന്നു അന്നത്തെ ഗുരുനാഥന്മാര്. വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ഈ ഗ്രാമത്തില്‍ ആദ്യമായി സ്ഥാപിതമായത് ഇന്നത്തെ ദേശസേവ യു.പി.സ്കൂളായിരുന്നു. ചിറക്കല്‍ കോവിലകം രാജാക്കന്മാര് കടലായിത്തെരുവില് നിന്നും നാറാത്ത് ഗ്രാമത്തില്‍ കുടിയിരുത്തിയ ശാലിയ സമുദായത്തിന്റെ പരമ്പരാഗതതൊഴിലായ തുണിനെയ്ത്തും, മറ്റു സമുദായക്കാരുടെതായ കുട്ട, പായ, കുരിയ നിര്‍മ്മാണങ്ങളും തെങ്ങുചെത്തും, ചക്കര ഉല്പാദനവും, കുമ്മായ നിര്‍മ്മാണവും, മത്സ്യബന്ധനവും മത്സ്യസംസ്കരണവും ആയിരുന്നു പഴയകാലത്ത് ഇവിടെ നിലനിന്നിരുന്ന പ്രധാന തൊഴില്‍മേഖലകള്‍. കമ്പില്‍ മൈതാനിപ്പള്ളി, നിട്ടുവാട്ടെ മഖാം, കണ്ണാടിപ്പറമ്പ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം എന്നിവ പഞ്ചായത്തിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളാണ്. കണ്ണാടിപ്പറമ്പ് അമ്പലത്തിലെ ഊട്ടുത്സവത്തോടനുബന്ധിച്ചുള്ള ചന്ത, പണ്ടുകാലങ്ങളില്‍ ഈ ഗ്രാമത്തിലെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴുക്കുന്നതിനും ഒരു വര്‍ഷത്തേക്കു ജനങ്ങള്‍ക്കാവശ്യമായവ വാങ്ങിച്ചുകൂട്ടുന്നതിനും ഉപകരിച്ചിരുന്നു. കാട്ടാമ്പള്ളി പദ്ധതി കമ്മീഷന് ചെയ്യുന്നതുവരെ, കണ്ണൂര്‍ പട്ടണവുമായി ഇവിടുത്തുകാര്‍ ബന്ധപ്പെട്ടിരുന്നത് തോണി, ബോട്ട് എന്നീ ജലഗതാഗത മാര്‍ഗ്ഗങ്ങളിലൂടെയായിരുന്നു. 1970-നു ശേഷമാണ് നാറാത്ത് പഞ്ചായത്തില്‍ വൈദ്യുതി വ്യാപകമായത്. ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന വായനശാലകള്‍, ഗ്രന്ഥാലയങ്ങള്‍, ക്ളബുകള്‍, മറ്റു സാംസ്കാരിക സന്നദ്ധ സംഘടനകള്‍ എന്നിവയൊക്കെ ദശകങ്ങള്‍ക്കു മുമ്പ് പ്രവര്‍ത്തനം ആരംഭിച്ചവയാണ്. പോയ കാലത്ത് ഈ സംഘടനകള്‍, അവയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സിംബോസിയങ്ങള്‍, പ്രഭാഷണങ്ങള്‍, കായിക മത്സരങ്ങള്‍, കലാമത്സരങ്ങള്‍, നാടകാവതരണം എന്നിവ സംഘടിപ്പിക്കാറുണ്ടായിരുന്നു. അതുകൊണ്ടു തന്നെ വര്‍ഷം മുഴുവന്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടക്കാറുണ്ടായിരുന്നു. ദേശീയ മന്ദിരം വായനശാല & ഗ്രന്ഥാലയം, കമ്പില്‍ യുവജന വായനശാല & ഗ്രന്ഥാലയം, എസ്.ആര്.ആര്‍ട്ട്സ് വായനശാല & ഗ്രന്ഥാലയം തുടങ്ങിയവയാണ് തുടര്‍ച്ചയായും സജീവമായും പ്രവര്‍ത്തിച്ചുവരുന്നത്.
പഞ്ചായത്തിലൂടെ
നാറാത്ത് 2010
1952-ലാണ് വില്ലേജ് പഞ്ചായത്ത് രൂപീകരിക്കുന്നത്. 1963-ല്‍ നാറാത്ത് ഗ്രാമപഞ്ചായത്ത് രൂപീകരിച്ചു. 17.24 ച.കി.മീറ്റര്‍ വിസ്തൃതിയാണ് പഞ്ചായത്തിനുള്ളത്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, കൊളച്ചേരി പഞ്ചായത്തും, കിഴക്കുഭാഗത്ത് കൊളച്ചേരി, മുണ്ടേരി, ചേലോറ പഞ്ചായത്തുകളും, തെക്കുഭാഗത്ത് പുഴാതി, ചേലോറ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പാപ്പിനിശ്ശേരി, ചിറക്കല്‍ പഞ്ചായത്തുകളുമാണ്. 25212 വരുന്ന ജനസംഖ്യയില്‍ 13268 പേര് സ്ത്രീകളും 11944 പേര് പുരുഷന്മാരുമാണ്. മൊത്തം ജനതയുടെ സാക്ഷരത 90.16 ശതമാനമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന പ്രദേശമാണ് നാറാത്ത് ഗ്രാമപഞ്ചായത്ത്. കുത്തനെയുള്ള ചരിവുകളും ചരിഞ്ഞ ചരിവുകളും നിറഞ്ഞ പ്രദേശമാണ് നാറാത്ത് പഞ്ചായത്ത്. നെല്ല്, തെങ്ങ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കൃഷി. കവുങ്ങ്, പയര്‍ വര്‍ഗ്ഗങ്ങള്‍, കുരുമുളക്, കശുമാവ്, വാഴ, പച്ചക്കറികള്‍ എന്നിവയാണ് മറ്റു വിളകള്‍. വളപട്ടണം പുഴയാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സ്. 30 കുളങ്ങളും ജലസ്രോതസ്സുകളായുണ്ട്. പഞ്ചായത്തിലെ മുഖ്യകുടിനീര്‍ സ്രോതസ്സ് കിണറുകളാണ്. 24 പൊതു കിണറുകള്‍ പഞ്ചായത്തിലുണ്ട്. പഴശ്ശികനാലും ജലസേചനത്തിനായി ഉപയോഗിക്കുന്നു. മൈതാനിപ്പള്ളിക്കുന്ന്, കൊട്ടിച്ചാലില്കുന്ന്, നേങ്ങലേരി മൊട്ട എന്നിവയാണ് പഞ്ചായത്തിലെ കുന്നിന് പ്രദേശങ്ങള്‍. 4 കിലോമീറ്ററോളം ദൂരത്തില്‍ കണ്ടല്‍കാടുകള്‍ പഞ്ചായത്തിലുണ്ട്. 27 പൊതുകുടിവെള്ള ടാപ്പുകള്‍ ശുദ്ധജലവിതരണത്തിനായി നാറാത്ത് പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. 514 തെരുവു വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്ത് വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്ന ഏറ്റവും അടുത്ത വിമാനത്താവളം കരിപ്പൂരാണ്. കണ്ണൂര്‍ റെയില്‍വേസ്റ്റേഷനാണ് പഞ്ചായത്തിനോടടുത്ത് സ്ഥിതിചെയ്യുന്ന റെയില്വേസ്റ്റേഷന്. തുറമുഖമെന്ന നിലയില്‍ മംഗലാപുരമാണ് പഞ്ചായത്തിന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. കണ്ണൂര്‍ ബസ്സ്റ്റ്റാന്റ് , മയ്യില്‍ ബസ്സ്റ്റ്റാന്റ് എന്നിവിടങ്ങളിലാണ് നാറാത്ത് പഞ്ചായത്തിലെ ബസ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്. വളപട്ടണം മുതല്‍ പറശ്ശിനിക്കടവ് വരെ മുമ്പ് ജലഗതാഗതം ഉണ്ടായിരുന്നു. ഇന്നും കടവുകള്‍ ഉണ്ടെങ്കിലും യാത്രാവശ്യങ്ങള്‍ക്ക് അവ പരിമിതമായി മാത്രമേ ഇപ്പോള്‍ ഉപയോഗപ്പെടുന്നുള്ളു. കാട്ടാമ്പള്ളി-മയ്യില്‍, മുണ്ടേരിക്കടവ്-സ്റ്റെപ്പ് റോഡ് എന്നിവയാണ് പഞ്ചായത്തിലുള്ള പ്രധാന റോഡുകള്‍. ഗതാഗതമേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്ന ചിഹ്നങ്ങളാണ് ഇവിടുത്തെ പാലങ്ങള്‍. കാട്ടാമ്പള്ളിപ്പാലം, നിടുവാട്ട് പാലം, വെണ്ടാട് പാലം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന പാലങ്ങള്‍. ആധുനിക വ്യവസായം എന്ന നിലയില്‍ പ്ളൈവുഡ്, ഗാര്‍മെന്റ്സ്, ടൈല്‍ വര്‍ക്സ്, മെറ്റല്‍ വര്‍ക്സ്, എഞ്ചിനീയറിംഗ് യൂണിറ്റുകള്‍ എന്നിവയാണ് പഞ്ചായത്തിലുള്ളത്. പരമ്പരാഗത മേഖലയില്‍ കൈത്തറി വ്യവസായം പഞ്ചായത്തില്‍ നിലനില്ക്കുന്നു. എന്‍.ബി.എന്‍ജീനിയറിംഗ്, അശോകാ ഫാഷന്‍ എന്നിവ വ്യവസായരംഗത്തുള്ള പ്രധാന സ്ഥാപനങ്ങളാണ്. കണ്ണാടിപ്പറമ്പില്‍ ഒരു പെട്രോള്‍ ബങ്ക് പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിലെ പൊതുവിതരണമേഖലയില്‍ 6 റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു മാവേലിസ്റ്റോറും നീതിസ്റ്റോറും പഞ്ചായത്തിലെ പൊതുവിതരണരംഗത്തുള്ള മറ്റു സംവിധാനങ്ങളാണ്. കണ്ണാടിപ്പറമ്പ് തെരുവ്, കണ്ണാടിപ്പറമ്പ് ബസാര്‍, വാരംറോഡ്, പുല്ലൂപ്പി, പള്ളേരി, നാറാത്ത്, കമ്പില്‍ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങള്‍. മൂന്നു ഷോപ്പിംഗ് കോംപ്ളക്സുകളും നാറാത്ത് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. കമ്പില്‍, നാറാത്ത് എന്നിവിടങ്ങളില്‍ മത്സ്യമാര്‍ക്കറ്റുകളും പച്ചക്കറി മാര്‍ക്കറ്റുകളും ഉണ്ട്. ഹിന്ദു, മുസ്ളീം, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ അധിവസിക്കുന്ന പ്രദേശമാണ് നാറാത്ത് ഗ്രാമപഞ്ചായത്ത്. ഇവരുടെ നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 30 ക്ഷേത്രങ്ങളും 26 മുസ്ളീം പള്ളികളും പഞ്ചായത്തില്‍ അങ്ങിങ്ങായി നില കൊള്ളുന്നു. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ആരാധനാലയമായ സെന്റ് ഇഗ്നേഷ്യസ് പള്ളി പുല്ലുപ്പിയില്‍ സ്ഥിതിചെയ്യുന്നു. കണ്ണാടിപ്പറമ്പ് ശാസ്താക്ഷേത്രവുമായി ബന്ധപ്പെട്ടു നടക്കുന്ന ഉത്രവിളക്കു മഹോത്സവം, ഊട്ടുത്സവം, കമ്പില്‍, നാറാത്ത്, നിടുവാട്ട പള്ളികള്‍ കേന്ദ്രീകരിച്ചു നടത്തുന്ന ആണ്ടു നേര്‍ച്ചകള്‍, പുല്ലൂപ്പി സെന്റ് ഇഗ്നേഷ്യസ് പള്ളിയിലെ തിരുനാള്‍ എന്നിവ പഞ്ചായത്തില്‍ ആഘോഷിച്ചു വരുന്നു. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ ഒട്ടേറെ പ്രമുഖര്‍ നാറാത്ത് പഞ്ചായത്തുകാരാണ്. പയ്യന്നൂരിലെ ഉപ്പു സത്യാഗ്രഹത്തിലും അധ്യാപക സമരത്തിലും പങ്കെടുത്ത സ്വാതന്ത്യസമര സേനാനികളായ ടി.സി.നാരായണന് നമ്പ്യാരും വി.പി.അയ്യപ്പനും നാറാത്ത് പഞ്ചായത്തില്‍ ജീവിച്ചിരുന്നവരാണ്. ഹരിജന നവോത്ഥാന പ്രസ്ഥാനത്തിന്റെ നായകന്മാരായിരുന്നു എ.വി.നാരായണ മാരാര്‍, ഇ.നാരായണന് മാസ്റ്റര്‍ എന്നിവര്‍ ദേശീയ ജനതാപാര്‍ട്ടി സംസ്ഥാന പ്രസിഡന്റായിരുന്ന കെ.ജി.മാരാര്‍, കമ്മ്യൂണിസ്റ്റ് നേതാവ് ചടയന്‍ ഗോവിന്ദന് എന്നിവരും ഈ പഞ്ചായത്തുകാരാണ്. എ.പി.അബ്ദുള്ളക്കുട്ടി എം. എല്‍.എ.,ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ എന്നിവരും നാറാത്ത് പഞ്ചായത്തുകാരാണ്. നാടകകൃത്ത് പി.ആര്.കൃഷ്ണന് മാസ്റ്റര്‍, സാഹിത്യകാരന് വി. വി. പവിത്രന് മാസ്റ്റര്‍ എന്നിവരും ഇന്നാട്ടുകാരാണ്. നിരവധി കലാകായികസാംസ്കാരിക സമിതികള്‍ നാറാത്ത് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ഷൂട്ടേര്‍സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്ബ്, ത്രിവേണി കലാസാംസ്കാരികവേദി, കുഞ്ഞമ്മന് സ്മാരക കലാവേദി, മൈത്രി കലാകേന്ദ്രം, യംഗ് ബ്രദേഴ്സ് സ്പോര്‍ട്സ് ക്ളബ്ബ് തുടങ്ങി 17 കലാകായിക സമിതികള്‍ പഞ്ചായത്തിലുണ്ട്. പഞ്ചായത്ത് സാംസ്കാരിക മന്ദിരം കണ്ണാടിപ്പറമ്പ് പ്രവര്‍ത്തിക്കുന്നു. ഭാരതീയ സംസ്കാരിക കേന്ദ്രം, യുവജന സാംസ്കാരിക കേന്ദ്രം, രാജീവ് കള്‍ച്ചറല്‍ സെന്റര്‍, സി. എച്ച്. മുഹമ്മദ് കോയ സാംസ്കാരിക കേന്ദ്രം, മൊയിന്‍കുട്ടി വൈദ്യര് കലാസാംസ്കാരിക കേന്ദ്രം തുടങ്ങി 12 സംഘടനകള്‍ പഞ്ചായത്തിലെ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നു. ആരോഗ്യ പരിപാലന രംഗത്ത് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനം പ്രാഥമികാരോഗ്യ കേന്ദ്രമാണ്. പി.എച്ച്.സി.യുടെ ഉപകേന്ദ്രങ്ങള്‍ പുല്ലൂപ്പി, നാറാത്ത,് കുട്ടിച്ചാല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഒരു ആയുര്‍വ്വേദ ഡിസ്പെന്‍സറിയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. കമ്പില്‍ ലത്തീഫിയ ഇസ്ളാമിക് സെന്റര്‍, പുല്ലൂപ്പി ഇര്ഷാദുര് ഇസ്ളാമിക് സംഘം എന്നിവിടങ്ങളില്‍ നിന്ന് നാറാത്ത് പഞ്ചായത്തില്‍ ആംബുലന്‍സ് സേവനം ലഭ്യമാണ്. മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ കണ്ണാടിപ്പറമ്പില്‍ ഒരു മൃഗാശുപത്രി പ്രവര്‍ത്തിക്കുന്നു. നാറാത്ത്, മാലോട്ട് എന്നിവിടങ്ങളില്‍ ഇതിന്റെ ഉപകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ സ്വകാര്യമേഖലകളിലായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാറാത്ത് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. നാറാത്ത് യു.പി.സ്ക്കൂള്, മാതോടം എല്‍.പി.സ്ക്കൂള്, പുല്ലൂപ്പി ഹിന്ദു എല്‍.പി.സ്ക്കൂള്, പുല്ലൂപ്പി മാപ്പിള എല്‍.പി.സ്ക്കൂള്, കണ്ണാടിപ്പറമ്പ് ഗേള്‍സ് സ്ക്കൂള്, നാറാത്ത് ഈസ്റ്റ് എല്‍.പി.സ്ക്കൂള് എന്നിവയാണ് സര്‍ക്കാര്‍ മേഖലയിലുള്ള വിദ്യാലയങ്ങള്‍. 5 സ്വകാര്യ സ്ക്കൂളുകളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ഒരു നഴ്സിംഗ് സ്ക്കൂളും 3 പാരല്‍ കോളേജുകളും സ്വകാര്യ മേഖലയില്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ദാറുള്‍ ഹസനാത്ത്് അഗതിമന്ദിരമാണ് പഞ്ചായത്തിലുള്ള പ്രധാന സാമൂഹ്യസ്ഥാപനം. നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ശാഖ നാറാത്ത് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. കണ്ണാടിപ്പറമ്പ് സര്‍വ്വീസ് സഹകരണ ബാങ്ക്, നാറാത്ത് സര്‍വ്വീസ് സഹകരണ ബാങ്ക്, വനിതാ സഹകരണസംഘം, നാറാത്ത് വനിതാ സഹകരണ സംഘം എന്നിവ സഹകരണ മേഖലയില്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. നാറാത്ത് പഞ്ചായത്തിലെ സാംസ്കാരിക രംഗത്ത് ഗ്രന്ഥശാലകളും വായനശാലകളും സജീവമാണ്. വായനയുടെ ലോകത്തെ സമ്പുഷ്ടമാക്കുന്ന 7 ഗ്രന്ഥശാലകള്‍ പഞ്ചായത്തിലുണ്ട്. ദേശീയ മന്ദിരം വായനശാല ആന്റ് ഗ്രന്ഥാലയം, കമ്പില്‍ യുവജന വായനശാല ആന്റ് ഗ്രന്ഥാലയം, പള്ളേരി ചടയന്‍ സ്മാരക ലൈബ്രറി, നാറാത്ത് വൈക്കം മുഹമ്മദ് ബഷീര്‍ ഗ്രന്ഥാലയം, സി.എച്ച്. സ്മാരക ലൈബ്രറി, കണ്ണാടിപ്പറമ്പ് കൈരളി ഗ്രന്ഥാലയം, അല്ലാമാ മുഹമ്മദ് ഇക്ബാല്‍ ലൈബ്രറി എന്നിവയാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലകള്‍. ഇവ കൂടാതെ 3 വായനശാലകളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. നാറാത്ത്, പുല്ലൂപ്പി എന്നിവിടങ്ങളില്‍ കമ്മ്യൂണിറ്റി ഹാളുകളും, കണ്ണാടിപ്പറമ്പ്, കാട്ടാമ്പള്ളി എന്നിവിടങ്ങളില്‍ കല്യാണമണ്ഡപങ്ങളും സ്ഥിതിചെയ്യുന്നു. സിന്സിയര് പ്ളൈവുഡ്സ്, കൈരളി ഹെറിറ്റേജ് എന്നിവയാണ് പഞ്ചായത്തിലുള്ള പ്രധാന സ്വകാര്യ സ്ഥാപനങ്ങള്‍. കണ്ണാടിപ്പറമ്പ്, നാറാത്ത് എന്നിവിടങ്ങളിലാണ് വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. കാര്‍ഷിക രംഗത്തെ സേവനങ്ങള്‍ക്കായി നാറാത്ത് ഒരു കൃഷിഭവന് പ്രവര്‍ത്തിക്കുന്നു. ഒരു മത്സ്യഭവനും നാറാത്ത് പ്രവര്‍ത്തിക്കുന്നു. കണ്ണാടിപ്പറമ്പിലും, നാറാത്തുമാണ് തപാല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ടെലിഫോണ്‍ എക്സ്ചേഞ്ചും പഞ്ചായത്തിലുണ്ട്.