Budget 2025-26
2021 ൽ പുതുതായി അധികാരമേറ്റെടുത്ത നാറാത്ത് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ അഞ്ചാമത്തെ ബജറ്റാണ് ഇന്ന് ഇവിടെ അവതരിപ്പിക്കുന്നത്. ഈ ഭരണ സമിതിയുടെ അവസാനത്തെ ബജറ്റാണ് എന്നതിനാലും ഈ ബജറ്റ് കാലയളവ് പൂര്ണ്ണമായും പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയില്ല എന്നതിനാലും അടുത്ത ഭരണ സമിതിക്ക് തുടര്‍ന്നുള്ള കാലയളവിൽ വളരെയേറെ ഉപകാര പ്രദമാകുന്ന രീതിയിലാണ് ഈ ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. മുന്‍കാല ഭരണസമിതികൾ മുന്നോട്ട് വെച്ച നല്ല കാഴ്ചപ്പാടുകളും വികസന സ്വപ്നങ്ങളും പിന്തുടര്‍ന്ന് കൊണ്ട് തന്നെയാണ് ഈ ഭരണസമിതിയും മുന്നോട്ട് പോകുന്നത്. കഴിഞ്ഞ വര്‍ഷം നാറാത്ത് ഗ്രാമ പഞ്ചായത്ത് മികച്ച മുന്നേറ്റം തന്നെ കാഴ്ച വെക്കാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷങ്ങളിൽ നികുതി പിരിവിലും പദ്ധതി ഫണ്ട് വിനിയോഗത്തിലും സംസ്ഥാന തലത്തിലും ജില്ലാതലത്തിലും മികച്ച സ്ഥാനം
കരസ്ഥമാക്കാന്‍ നാറാത്ത് പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. നടപ്പ് വര്‍ഷവും പദ്ധതി ചെലവ് വികസനഫണ്ട് പൊതുവിഭാഗത്തിലും, എസ്.സി.പി ഇനത്തിലും ബജറ്റ് വിഹിതത്തിൽ അനുവദിക്കപ്പെട്ട മുഴുവന്‍ തുകയും ചെലവഴിച്ചു കഴിഞ്ഞു. കൂടാതെ മെയിന്‍റനന്‍സ് ഗ്രാന്‍റ് ഇനത്തിലും ലക്ഷ്യത്തോടടുക്കുകയാണ്. ആയതിന് വേണ്ടി അക്ഷീണം പ്രയത്നിച്ച ഭരണസമിതി അംഗങ്ങളേയും നിര്‍വ്വഹണ ഉദ്യോഗസ്ഥരേയും അഭിനന്ദിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെപോലെ ഈ വര്‍ഷവും നാറാത്ത് ഗ്രാമ പഞ്ചായത്ത് ജന്‍റര്‍ ബജറ്റ്, പെര്‍ഫോമന്‍സ് ബജറ്റ് എന്ന ആശയത്തിലുന്നി തന്നെയാണ് ബജറ്റ് തയ്യാറാക്കിയത്. ബജറ്റ് തയ്യാറാക്കുന്നതിന് വേണ്ടി അക്ഷീണം പ്രയത്നിച്ച ധനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റിയേയും ജീവനക്കാരേയും അനുമോദിക്കുന്നു.
അതിവേഗം നഗരവല്‍ക്കരിക്കപ്പെടുന്ന ഗ്രാമ പഞ്ചായത്ത് എന്ന നിലയിൽ നാറാത്ത് ഗ്രാമ പഞ്ചായത്ത് വികസിക്കുന്നുണ്ട് എങ്കിലും നഗരത്തിന്‍റെതായ ദൂഷ്യ ഫലങ്ങള്‍ ഒരളവോളം അനുഭവിക്കേണ്ടി വരുന്നവരാണ് നമ്മള്‍. അതിന് ശാശ്വത പരിഹാരം കാണുന്നതിനാവശ്യമായ രീതിയിലുളള പദ്ധതികള്‍ ആവിഷ്ക്കരിക്കേണ്ടതുണ്ട്. ശുചിത്വം, കുടിവെളളം ആരോഗ്യം എന്നീ പരസ്പരം ബന്ധപ്പെടുന്ന മേഖലകളിൽ നമുക്ക് ഇനിയും ഒട്ടേറേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കേണ്ടതുണ്ട്. സമ്പൂര്‍ണ്ണ ശുചിത്വ ഗ്രാമം എന്ന സങ്കല്പത്തിലേക്ക് വളരെ വേഗത്തിൽ നമ്മുക്ക് എത്തിച്ചേരേണ്ടതുണ്ട്. ബഹു. അഴീക്കോട് എം.എൽ.എ. യുടെ ഇടപെടലിന്‍റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിനായി നാറാത്ത് ഗ്രാമ പഞ്ചായത്തിന് വലിയ തോതിൽ സംസ്ഥാന ബജറ്റിൽ ഫണ്ട് നീക്കി വെച്ചിട്ടുണ്ട്. വര്‍ഷങ്ങളായി നമ്മള്‍ ആഗ്രഹിക്കുന്ന പുല്ലൂപ്പി ടൂറിസം പദ്ധതി ആദ്യഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതി പ്രവര്‍ത്തന സജ്ജമായാൽ പഞ്ചായത്തിന് വലിയ മൂന്നേറ്റം തന്നെ കാഴ്ചവെക്കാന്‍ സാധിക്കും. പാതയോരത്തെ സി.സി.ടി.വി ക്യാമറ, ആധുനീകരിച്ച കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം, പുതിയ എം.സി.എഫ് കെട്ടിടം, വയപ്രം കുടിവെളള പദ്ധതി, വെണ്ടോട്ട് വി സി ബി കം ബ്രിഡ്ജ് എന്നിവ ഗ്രാമ പഞ്ചായത്തിന്‍റെ മികച്ച പദ്ധതികളിൽ ചിലത് മാത്രമാണ്.
ഐക്യരാഷ്ട്ര സംഘടന നിഷ്കര്‍ഷിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളായ ദാരിദ്ര്യ രഹിത ഗ്രാമം, ആരോഗ്യമുളള ഗ്രാമം, ശുചിത്വവും ഹരിതാഭവുമായ ഗ്രാമം, ശിശു സൗഹൃദ ഗ്രാമം, ശുദ്ധ ജല ലഭ്യതയുള്ള ഗ്രാമം, സാമൂഹിക സൂരക്ഷിതത്വ ഗ്രാമം, സ്ത്രീ സൗഹൃദ ഗ്രാമം, സദ്ഭരണം എന്നിവയിൽ നാറാത്ത് ഗ്രാമ പഞ്ചായത്ത് നല്ല മുന്നേറ്റം കാഴ്ചവച്ചിട്ടുണ്ട്. ജനകീയാസൂത്രണത്തിന്‍റെ ഇരുപത്തി അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഈ സമയത്ത് പ്രസ്തുത ലക്ഷ്യം കൈവരിക്കുന്നതിന് പ്രയത്നിച്ച നാറാത്ത് ഗ്രാമ പഞ്ചായത്ത് മുന്‍ ഭരണസമിതികളെ നന്ദിയോടെ സ്മരിക്കാം.